India News

അമ്മയുടെ ഫോണിൽ ഗെയിം കഴിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ അക്കൌണ്ടിൽ നിന്ന് പോയതോടെ ജീവനൊടുക്കി 18കാരൻ.

മുംബൈ: അമ്മയുടെ ഫോണിൽ ഗെയിം കഴിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ അക്കൌണ്ടിൽ നിന്ന് പോയതോടെ ജീവനൊടുക്കി 18കാരൻ. ഗെയിമിനിടെ അറിയാതെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാകാം കുട്ടിയുടെ അച്ഛന്‍റെ അക്കൌണ്ടിലെ പണം പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിഭ്രാന്തനായ വിദ്യാർത്ഥി സംഭവിച്ചത് ആരോടും പറഞ്ഞില്ല. മഹാരാഷ്ട്രയിലെ നലസോപാരയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഫോണിൽ വന്ന വ്യാജ എസ്എംഎസ് സന്ദേശത്തിലാണ് ക്ലിക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇതോടെ അച്ഛന്‍റെ അക്കൌണ്ടിലെ പണം നഷ്ടമായ കാര്യം കുട്ടി ആരോടും പറഞ്ഞില്ല. മാതാപിതാക്കള്‍ പണം നഷ്ടമായി അറിഞ്ഞതുമില്ല. പുറത്തുപോയി വന്ന അമ്മ കാണുന്നത് നുരയും പതയും വന്ന് കിടക്കുന്ന കുട്ടിയെ ആണ്. ഉടൻ അമ്മയും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. കുറിപ്പൊന്നും ലഭിക്കാത്തിനാൽ മൊബൈൽ ഫോണ്‍ പരിശോധിച്ചു. അപ്പോഴാണ് സൈബർ തട്ടിപ്പ് നടന്നതായി വ്യക്തമായത്. കുട്ടി ഗെയിം കളിച്ച മൊബൈൽ ഫോണിൽ കൂടുതൽ പരിശോധന നടത്തും. മാതാപിതാക്കളോടും ഇളയ സഹോദരനോടും ഒപ്പം കുട്ടി താമസിച്ചിരുന്നത് പെൽഹാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കുറ്റകൃത്യം സൈബർ ക്രൈം സെല്ലിൽ ഉടൻ അറിയിച്ചിരുന്നെങ്കിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ സൈബർ ക്രൈം ഉദ്യോഗസ്ഥർ  ബാങ്കുമായി ബന്ധപ്പെട്ട് പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് പ്രാഥമികമായി ചെയ്യാറെന്ന് പൊലീസ് പറഞ്ഞു. അക്കൌണ്ടിൽ നിന്ന് ഇത്രയും തുക ഒറ്റയടിക്ക് നഷ്ടമായപ്പോള്‍ പേടിച്ചുപോയ കുട്ടി ആരോടും ഒന്നും പറയാതിരുന്നതാണ് ഈ ദാരുണ അന്ത്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പെൽഹാർ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply