ആലപ്പുഴ: അമ്പലപ്പുഴയിൽ മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിൽ. മാനിന്റെ കൊമ്പോട് കൂടിയ തലയോടിയുമായാണ് യുവാക്കൾ പിടിയിലായത്. അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാൽ എന്നിവരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹന പരിശോധനക്കിടെയാണ് കാറിൽ കൊണ്ട് പോകുകയായിരുന്ന മാൻ കൊമ്പുമായി ഇവരെ പിടികൂടിയത്. അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മാൻ കൊമ്പ് യുവാക്കൾ മോഷ്ടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർക്ക് കൈമാറി. പ്രതികളെ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മാൻ കൊമ്പ് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.