അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
എട്ട് പേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടിൽ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളിൽ നിന്നുമായി കണ്ടെത്തി. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികൾക്ക് നിർദേശമുണ്ട്.
29 വർഷമായി പോലീസിൽ ജോലി ചെയ്യുന്നു. ഈ കാലയളവിനിടെ ഞാൻ കൈകാര്യം ചെയ്യേണ്ടി വന്ന ഏറ്റവും ദയനീയമായ കുറ്റകൃത്യമാണിതെന്ന് കേസന്വേഷിക്കുന്ന പൊലീസ് മേധാവി വില്യം ഇവാൻസ് പ്രതികരിച്ചു.