Kerala News

അമിത രക്തസമ്മര്‍ദം; പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയാനിരിക്കെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.

അതേസമയം, പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തിലെ ലാന്‍ഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Related Posts

Leave a Reply