കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശിച്ചിട്ടുണ്ട്.
2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ അർജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.