പാലക്കാട്: അഭിഭാഷകനും പൊലീസും തമ്മിലെ തർക്കത്തിൽ അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വെച്ചാണ് അഭിഭാഷകനും പൊലീസും തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അഭിഭാഷകനെതിരെ കേസെടുത്തത്. കോടതി ഉത്തരവുമായി, കസ്റ്റഡിയിലുള്ള വണ്ടി വിട്ടുതരാൻ ആവശ്യപ്പെട്ട് എത്തിയ അഡ്വ. ആഖ്വിബ് സുഹൈലിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്. എന്നാൽ കോടതി ഉത്തരവ് കാണിച്ചിട്ടും ആലത്തൂർ എസ്ഐ റനീഷ് വണ്ടി വിട്ടു നൽകിയില്ലെന്നും അസഭ്യം പറയുകയുമായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു. എസ്‌ഐക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.