കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് അനൗദ്യോഗിക കൂച്ച് വിലങ്ങ്. മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീനയുടെ സംഘത്തില്‍പ്പെട്ടവരെ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ അനുമതി ലഭിക്കുന്നില്ല. ചോദ്യം ചെയ്യലിന് പിന്നാലെ രണ്ട് പേര്‍ ഇതിനകം ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു.പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് അനൗദ്യോഗിക കൂച്ച് വിലങ്ങ്.
ഇതോടെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥയാണുള്ളത്.മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ്, ജിന്നുമ്മയുടെ സഹായി അസ്നിഫ, തട്ടിയെടുത്ത 596 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച ആയിഷ എന്നിവരാണ് കേസിൽ റിമാന്‍ഡിലുള്ളത്.ജിന്നുമ്മയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നതെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതില്‍ ചിലര്‍ക്ക് വേഗത്തില്‍ വലിയ സമ്പാദ്യം ഉണ്ടായതായും ഡിവൈഎസ്പി കെജെ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
ഇതോടെ ചിലരെ പ്രതി ചേര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും അതിനുള്ള അനുമതി പൊലീസ് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചില്ല.മൗവ്വല്‍ സ്വദേശി റാബിയ, മക്കളായ ഉവൈസ്, റയീസ് എന്നിവരെ ചോദ്യം ചെയ്തതില്‍ ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പറയത്തക്ക വരുമാനമൊന്നുമില്ലാത്ത ഇവര്‍ ആഡംബര വീടുണ്ടാക്കിയത് എങ്ങനെയെന്ന അന്വേഷണ സംഘത്തിന്‍റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൂച്ചക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍, മകന്‍ ഷമ്മാസ് എന്നിവരേയും അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
രാജ്യം വിടാന്‍ പാടില്ലെന്ന് ഷമ്മാസിന് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. മൗവ്വല്‍ സ്വദേശിയായ ഉവൈസും അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശം വകവെയ്ക്കാതെ വിദേശത്തേക്ക് പോയി. ഇവരെ പ്രതി ചേര്‍ക്കാനായി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി അന്വേഷണ സംഘം കാത്തിരുന്നതോടെയാണ് ഇരുവരും രാജ്യം വിട്ടത്.ജിന്നുമ്മയ്ക്കും സംഘത്തിനും ഉന്നത ബന്ധങ്ങളുടെണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ മാറ്റാനായി പോലും ഇടപെടലുണ്ടായി എന്നായിരുന്നു ആക്ഷേപം.ഉന്നത ബന്ധങ്ങള്‍ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനുള്ള അനൗദ്യോഗിക കൂച്ച് വിലങ്ങ്.