അഫ്ഗാനിസ്ഥാന്റെ അത്ഭുത കുതിപ്പിന് ഒടുവിൽ അവസാനം. ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന ലോകകപ്പ് ടൂർണമെന്റിൽ, സെമിക്ക് തൊട്ടരികിലാണ് അഫ്ഗാന് കാലിടറിയത്. നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു.
കൂറ്റൻ വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാൻ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചായിട്ടും ദക്ഷിണാഫ്രിക്കൻ ബൗളേഴ്സിന് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞു. ഒരറ്റത്ത് ഉറച്ച് നിന്ന അസ്മത്തുള്ള ഒമർസായി ആണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അഫ്ഗാന്റെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ സെഞ്ചുറിക്ക് അകലെ വരെ എത്തിയെങ്കിലും സെഞ്ചുറി തികയ്ക്കാൻ ഒപ്പം നിൽക്കാൻ ടീമിൽ ബാറ്റർമാർ ആരും ബാക്കി ഉണ്ടായില്ല.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു തിടുക്കവും ഉണ്ടായില്ല. സമയമെടുത്താണ് ടീം ബാറ്റ് ചെയ്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ബൗളർമാർ മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തോറ്റെങ്കിലും തല ഉയർത്തിയാണ് അഫ്ഗാനിസ്ഥാൻ മടങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ലോകകപ്പിൽ സെമിക്ക് തൊട്ടരികിൽ വരെ എത്തിയെന്നത് ക്രിക്കറ്റ് ഉള്ള കാലത്തോളം പറയപ്പെടും. ഒന്നുമല്ലായ്മയിൽ നിന്ന് തുടങ്ങിയ ഒരു ടീമിന് ഇനിയും ഒരുപാട് മുന്നേറാനുണ്ട്.