കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീഴ്‌ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ സെർവിക്കൽ സ്പൈനിലും പരുക്ക് പറ്റിയിട്ടുണ്ട്. തലയുടെ പരുക്ക് ഗുരുതരമാണെങ്കിൽകൂടിയും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ എംഎൽഎ തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉമ തോമസ് തുടരുന്നത്. റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. നിലവിൽ ഉമ തോമസ് എംഎൽഎയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടനില തരണം ചെയ്തു എന്ന് പറയാൻ കഴിയില്ല എന്നാൽ അതീവ ഗുരുതരാവസ്ഥയിലല്ലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം, കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഗാലറിക്ക് മുൻവശത്തായി മറ്റൊരു സ്റ്റേജ് നിർമ്മിച്ചായിരുന്നു പരിപാടി. ഇത് വലിയൊരു സ്റ്റേജ് ആയിരുന്നില്ല. ഇവിടെയായിരുന്നു ഉദ്ഘാടന ച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല.വേദിയിൽ നിന്നും താഴേക്കു 11 അടി നീളമാണ് ഉണ്ടായിരുന്നത്. വേദിയ്ക്ക് ഉണ്ടായിരുന്നത് രണ്ടര മീറ്റർ വീതി മാത്രമായിരുന്നു. രണ്ടര മീറ്റർ വീതിയിൽ രണ്ട് നിരകളിൽ ആയിട്ടായിരുന്നു കസേരകൾ ക്രമീകരിച്ചിരുന്നതെന്നും കലൂർ സ്റ്റേഡിയത്തിൽ ഫയർ ഫോഴ്സ് നടത്തിയ സുരക്ഷാ പരിശോധനയിൽ തെളിഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുക്കും. എഡിജിപി മനോജ് എബ്രഹാം കൊച്ചി കമ്മീഷ്ണർക്ക് നിർദേശം നൽകി. പരിപാടി സംബന്ധിച്ച് പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യയും പറഞ്ഞു. അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശുപത്രിയിലെത്തി വിവരങ്ങൾ തേടി.