കൊച്ചി: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പര്യമെന്തെന്ന് ചോദിച്ച് ഹൈക്കോടതി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാംപ്രതിക്ക് എന്തിനാണെന്നും കോടതി ആരാഞ്ഞു.
മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഇരയായ നടി നല്‍കിയ ഹര്‍ജി
കോടതി നേരത്തേ പരിഗണിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജിയില്‍, ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ലാ സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍ വെച്ചാണ് അനധികൃതമായി പരിശോധിക്കപ്പെട്ടത് എന്നായിരുന്നു റിപ്പോര്‍ട്ട്.