അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണത്തില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുത്തായിരുന്നു പരാമര്‍ശം.
ജോലി സമ്മര്‍ദംമൂലം ഒരു പെണ്‍കുട്ടി മരിച്ചതായി രണ്ട് ദിവസം മുമ്പ് പത്രത്തില്‍ വാര്‍ത്ത കണ്ടു. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ കുടുംബങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. എത്ര പഠിച്ച് ഏത് നിലയില്‍ എത്തിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ ഉള്ശക്തിയുണ്ടായിരിക്കണം. അതിനായി ദൈവത്തെ ആശ്രയിക്കണം. എങ്കിലേ ആത്മശക്തിയുണ്ടാവൂ – നിര്‍മല സീതാരാമന് പറഞ്ഞു. കമ്പനിയുടെ പേരെടുത്ത് പറയാതെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
അതേസമയം, അന്നയുടെ കുടുംബത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു. മരണം ജോലി സമ്മര്‍ദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ഗാന്ധി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്കി. വീഡിയോ കോളിലൂടെയായിരുന്നു കുടുംബവുമായി സംസാരിച്ചത്. പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.