അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്തമയവുമാണ് ഇവർ കണ്ടത്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഇങ്ങനെ 16 തവണയാണ് പുതുവത്സരപ്പിറവി കാണാൻ സുനിതാ വില്യംസിനും കൂട്ടർക്കും കഴിഞ്ഞത്.
ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വിൽമോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാർലൈനറിൽ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനറിന് സാങ്കേതികത്തകരാർ നേരിട്ടതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നവരുടെ തിരിച്ചുവരവ് വൈകുകയാണ്.
ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് ഐ.എസ്.എസ്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്താൻ നേരത്തെ നിശ്ചയിച്ചതിലും വൈകും. ഇവരുടെ മടക്കയാത്ര ഏപ്രിൽ ആദ്യ വാരത്തിലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചിരുന്നത്.