പരവൂർ: കൊല്ലം പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനിഷ്യയുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. സ്ത്രീ കൂട്ടായ്മയും- ദേശീയ വിവരാവകാശ കൂട്ടായ്മയും ചേർന്നാണ് സമരം നടത്തുന്നത്. ‘അനീഷ്യയ്ക്ക് മരണാന്തരമെങ്കിലും നീതി വേണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം അനീഷ്യയുടെ ആത്മഹത്യയിലെ അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി.
അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ അസ്വാഭാവിക മരണം സംഭവിച്ചിട്ട് 50 ദിവസമാവുകയാണ്. ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ കുറിച്ചിരുന്നത്.
തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.
അനീഷ്യയുടെ മരണം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്. അതേസമയം മരണം നടന്ന് 50 ദിവസം ആകാറായിട്ടും അസ്വാഭാവിക മരണത്തിനുള്ള എഫ്ഐആറിന് അപ്പുറം മരണത്തിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലിസ് പരാജയപ്പെട്ടുവെന്നാണ് സമര സമിതിയും കുടുംബവും ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. സെക്രട്ടറിയേററിന് മുന്നിൽ നടക്കുന്ന സമരത്തിന് അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ ഉള്‍പ്പെടെ വിവിധ മേഖയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്.