അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ സെപ്തംബര്‍ രണ്ടിന് പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും പ്രധാനവേദിയായ കനകക്കുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമൊരുക്കിയ ദീപാലങ്കാരത്തിനുപുറമെ ഇത്തവണ അതിവിപുലമായ ലേസര്‍ ഷോയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങുന്ന ലേസര്‍ ഷോ കാണാനും ന്യൂജന്‍ പാട്ടിനൊപ്പം തുള്ളാനും നിരവധി പേരാണ് കനകക്കുന്നിലെത്തുന്നത്.നിരവധി പുതുമകള്‍ ചേര്‍ന്ന ദീപാലങ്കാരവും ലേസര്‍ ഷോയും നാളെക്കൂടി ആസ്വദിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 31ലധികം വേദികളില്‍ നടന്ന അതിവിപുലമായ കലാപ്രകടനങ്ങളും ഇത്തവണ വന്‍ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഇന്ന് പ്രധാന വേദിയായ നിശാഗന്ധിയില്‍ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗൗരി ലക്ഷ്മി ബാന്‍ഡും ശംഖുമുഖത്ത് പിന്നണി ഗായിക രാജലക്ഷ്മിയും നെടുമങ്ങാട് മൃദുല വാര്യര്‍ ബാന്‍ഡും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രഞ്ജിനി ജോസ് ബാന്‍ഡും കലാപ്രകടനങ്ങള്‍ നടത്തും. ഇതിനുപുറമെ നിരവധി നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ നൃത്തവും അനുഷ്ഠാനകലകളും വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്.
കനകക്കുന്നിലെ ട്രേഡ് ഫെയറും എക്സിബിഷനും ഭക്ഷ്യമേളയും ഇതിനോടകം തന്നെ ഓണംവാരാഘോഷത്തിനെത്തുന്നവരുടെ ഇഷ്ടസ്ഥലങ്ങളായി മാറിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കാന്‍ കഴിയുന്ന സ്റ്റാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, വിവിധ ജില്ലകളുടെ രുചികള്‍ ആസ്വദിക്കാന്‍ കഴിയുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്ക് വിവിധ വിനോദങ്ങളിൽ ഏര്‍പ്പെടാന്‍ കഴിയുന്ന ഗെയിം സോണ്‍ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.