ജയ്പൂർ: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ അഴിമതി കേസ് ചുമത്തിയതിൽ പ്രതികരണവുമായി ഗൗതം അദാനി തന്നെ രംഗത്ത്.ഈ വിഷയത്തിൽ ആദ്യമായാണ് ഗൗതം അദാനി പരസ്യമായി പ്രതികരിക്കുന്നത്.
ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി. പ്രചരിക്കുന്നതൊന്നുമല്ല വസ്തുതയെന്നും നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നുമായിരുന്നു അദാനിയുടെ പ്രതികരണം. യാതൊരു നിയമവിരുദ്ധ പ്രവർത്തനവും താൻ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാൾ വേഗത്തിൽ തെറ്റായ കാര്യങ്ങൾ എടുത്തുകാണിക്കപ്പെടുന്നു. ഓരോ ആക്രമണവും തന്നെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികള്‍ താൻ നേരിടുന്നതെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകും എന്നും ഗൗതം അദാനി പറഞ്ഞു.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നായിരുന്നു അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റേതായിരുന്നു കുറ്റപത്രം എടുത്തുകൊണ്ടുള്ള നടപടി. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ പറഞ്ഞിരുന്നു.