Entertainment Kerala News

അതിജീവിതയ്‌ക്കെതിരായ ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: മെമ്മറി കാര്‍ഡ് പരിശോധിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ എട്ടാംപ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് അവധിക്കാല ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എട്ടാംപ്രതി ദിലീപ് കക്ഷിയല്ലാത്ത സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടോ മൊഴിപ്പകര്‍പ്പോ ലഭിക്കുന്നതിനെ എതിര്‍ക്കാനാവില്ലെന്നാണ് അതിജീവിതയുടെ വാദം.

വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമെന്നാണ് എട്ടാംപ്രതി ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി. ഇതേ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനാവില്ല. തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ഉത്തരവിറക്കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് എട്ടാംപ്രതി ദിലീപിന്റെ വാദം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുടെ ഹര്‍ജിയെ അതിജീവിതയുടെ അഭിഭാഷകന്‍ എതിര്‍ക്കും. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയല്ലെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. അന്വേണ റിപ്പോര്‍ട്ട് പോലെ തന്നെ റിപ്പോര്‍ട്ടിനാധാരമായ മൊഴികളും ലഭിക്കേണ്ടതും നിയമപരമായ അവകാശമാണെന്നാണ് അതിജീവിതയുടെ നിലപാട്. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതിനെ എതിര്‍ക്കാന്‍ എട്ടാം പ്രതി ദിലീപിന് അവകാശമില്ല. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ നടപടിക്രമങ്ങളില്‍ എട്ടാംപ്രതി കക്ഷിയല്ല. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടോ മൊഴിപ്പകര്‍പ്പോ ലഭിക്കുന്നതിനെ ദിലീപിന് എതിര്‍ക്കാനാവില്ലെന്നുമാണ് അതിജീവിതയുടെ വാദം. അപ്പീല്‍ വഴി ദിലീപിന്റെ താല്‍പര്യമെന്തെന്ന് വ്യക്തമാക്കണമെന്നും അതിജീവിത ആവശ്യപ്പെടും.

അപ്പീലില്‍ എതിര്‍പ്പറിയിക്കാന്‍ അതിജീവിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ഹാജരാകും. ജസ്റ്റിസുമാരായ എന്‍ നഗരേഷ്, പി എം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.

Related Posts

Leave a Reply