Kerala News

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എൻഡ‍ിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി മുഖപത്രമായ യോ​ഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. കോടിയേരി ബാലകൃഷ്ണൻ്റെ വിയോ​ഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്. കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും സിപിഐഎമ്മിന് നൽകിയ കരുത്ത് അസാധാരണമായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് ആ കരുത്ത് വേണ്ടത്രയുണ്ടോയെന്ന സംശയവും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പ്രകടിപ്പിച്ചിട്ടുണ്ട്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ സിപിഐഎമ്മിന് കഴിഞ്ഞി‍ട്ടില്ലെന്ന വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട്, നിലവിലെ സാഹചര്യത്തിൽ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേൽപ്പിക്കേണ്ടി വന്നാൽ ആ തീരുമാനം ഇടതുപക്ഷത്തിൻ്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്.

പിണറായി വിജയൻ സർക്കാരും കുറ്റങ്ങൾക്കും കുറവുകൾക്കും അതീതരല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തി കൊണ്ട് സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. പാർട്ടി നേതാക്കളും അണികളും വരെ ഈ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നുണ്ട്.

സമകാലിക കേരള രാഷ്ട്രീയത്തിൽ എറ്റവും അവ​ഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കിൽ അത് ഈഴവരാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. ജനസംഖ്യയിൽ ​ഗണ്യമായ വിഭാ​ഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഈഴവർ പാർശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ എന്നും വെള്ളാപ്പള്ളിയുടെ യോ​ഗനാദത്തിലെ എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിന് ശേഷം വിദ്യാഭ്യാസമേഖലയിൽ ഈഴവർ തഴയപ്പെട്ടുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.

Related Posts

Leave a Reply