ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാട്.
അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി, കടത്ത് സ്വർണം വീതംവയ്പ്പ്, എടവണ്ണയിലെ കൊലപാതകം, മാമി തിരോധാനം. ഇങ്ങനെ പി വി അൻവറിൻറെ ആരോപണ പെരുമഴ. പിന്നാലെ പ്രതിപക്ഷ നേതാവിൻറെ രാഷ്ട്രീയ ബോംബ്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, പൂരം കലക്കലും. ആരോപണങ്ങൾ ഒന്നൊന്നായി വന്ന് നിന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനും സംസ്ഥാന പൊലീസ് സേനയിലെ രണ്ടാമനുമായ എഡിജിപി അജിത് കുമാറിന് നേർക്ക്. പിന്നാലെ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര പരമ്പരയിലേക്ക്.
തൃശ്ശൂരിലെ തോൽവിയുടെ നടുക്കം വിട്ടുമാറാത്ത സിപിഐയും എഡിജിപി ആർഎസ്എസ് ബന്ധത്തിൽ സംശയം പ്രകടിപ്പിച്ചു. എഡിജിപിയെ നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. മുന്നണിയോഗത്തിൽ ഘടക കക്ഷികൾ അടക്കം വിഷയമുയർത്തിയിട്ടും മുഖ്യമന്ത്രി കുലുങ്ങിയില്ല. എല്ലാവരോടും മുഖ്യമന്ത്രി പറഞ്ഞത് ഡിജിപിയുടെ റിപ്പോർട്ട് വരുന്നവരെ കാത്തിരിക്കൂ എന്ന്. അതിൻറെ അവസാന ദിവസം ഇന്നാണ്. എല്ലാ വിഷയത്തിലും ഡിജിപി, അജിത് കുമാറിൻറെ മൊഴി രേഖപ്പെടുത്തി. സ്വകാര്യ കൂടിക്കാഴ്ചയാണെന്നും, ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണാൻ പോകുന്നത് പതിവാണെന്നുമായിരുന്നു ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം. എന്നാൽ സിപിഐ വച്ച കാൽ പിന്നോട്ട് എടുത്തില്ല. ഇന്നലെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എകെജി സെൻററിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ഉന്നയിച്ചു.ഇനി അറിയേണ്ടത് റിപ്പോർട്ടിൽ എന്താകും ഡിജിപിയുടെ കണ്ടെത്തലെന്നത്.