നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.
മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിന് തടയിട്ടത്. ആദ്യ നാലോവറുകളിൽ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റർമാർക്ക് തിളങ്ങനായത്.
നാലാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് വീഴ്ച തുടങ്ങിയതോടെ ഇംഗ്ലണ്ട് മധ്യനിര ഉൾപ്പെടെ പരുങ്ങലിലായി. ഈ ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് മലാനെ (16) ബുംറ വീഴ്ത്തി. തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ജോ റൂട്ടും (0) മടങ്ങി. എട്ടാം ഓവറിൽ ബെൻ സ്‌റ്റോക്ക്‌സിന്റെ (0) കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 10-ാം ഓവറിൽ ജോണി ബെയർസ്‌റ്റോയേയും (14) ഷമി മടക്കി.
ക്യാപ്റ്റൻ ജോസ് ബട്ട്‌ലറെ (10) മടക്കി വിക്കറ്റ് നേട്ടത്തിലേക്ക് കുൽദീപും എത്തി. മോയിൻ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച് ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. 46 പന്തിൽ നിന്ന് 27 റൺസെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റൺസെടുത്തത്. 101 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.