Kerala News

അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് നിയമനം; ഐഎച്ച്ആര്‍ഡി ഡയറക്ട‍ർ നിയമനത്തിൽ അട്ടിമറിയെന്ന് – എംഎസ്എഫ്

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തില്‍ അട്ടിമറിയെന്ന് എംഎസ്എഫ്. മാനദണ്ഡത്തില്‍ മാറ്റം വരുത്തിയാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നാണ് എംഎസ്എഫിന്റെ പരാതി. ഡയറക്ടറാവാനുള്ള നിലവിലെ യോഗ്യതകള്‍ അരുണിനില്ലെന്നും ഡയറക്ടര്‍ പദവി സ്ഥിരം നിയമനമാണെന്നും എംഎസ്എഫ് പറഞ്ഞു. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

നേതാവായ സഖാവിന്റെ മകനാവുമ്പോള്‍ മകന്റെ യോഗ്യതക്കനുസരിച്ച് ക്വാളിഫിക്കേഷന്‍ മാറ്റം വരുത്തി സ്ഥിരനിയമനം നല്‍കുമെന്ന് നവാസ് പരിഹസിച്ചു. അരുണിന് വേണ്ടിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘നേതാവായ സഖാവിന്റെ മകനാവുമ്പോള്‍ മകന്റെ യോഗ്യതക്കനുസരിച്ച് ക്വാളിഫിക്കേഷന്‍ മാറ്റം വരുത്തി സ്ഥിരനിയമനം നല്‍കും. അതും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഡയറക്ടര്‍ സ്ഥാനത്ത്. അതായത് സഖാക്കളുടെ മക്കളായാല്‍ ചെരുപ്പിനനുസരിച്ച് കാലും മുറിക്കും. വി എസിന്റെ മകന് നിലവില്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ആവാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന എന്‍ജിനീയറിങ്ങില്‍ പിജി ഇല്ല, 15 വര്‍ഷത്തെ അധ്യാപനം ഇല്ല, പ്രൊഫസറല്ല, പ്രിന്‍സിപ്പളല്ല, പക്ഷെ വി എസിന്റെ മകനായത് കൊണ്ട് ജോലി കൊടുക്കാന്‍ പാര്‍ട്ടിയും മന്ത്രിയും തീരുമാനിച്ചു. അരുണ്‍കുമാര്‍ 7 വര്‍ഷമായി ഐഎച്ച്ആര്‍ഡിയില്‍ അഡിഷണല്‍ ഡയറക്ടര്‍ ആണ്, അത് കൊണ്ട് ‘7 years of experience in the cadre of Additional Director / Principal of Engineering Colleges under IHRD Service’ എന്ന പുതിയ ഒരു ക്വാളിഫിക്കേഷന്‍ ചേര്‍ത്ത് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഉത്തരവ് ഇറക്കി. ഇന്ന് കേരളത്തില്‍ മേല്‍ പറഞ്ഞ ക്വാളിഫിക്കേഷനുള്ള ഏക ഉദ്യോഗാര്‍ത്ഥി സഖാവ് വി എസിന്റെ മകന്‍ മാത്രമാണ്,’ നവാസ് പറഞ്ഞു.

നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പൂര്‍ണ യോഗ്യതയുള്ള 9 ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നാടകം നടത്തി കബളിപ്പിച്ച് നേതാവിന്റെ മകന്റെ നിയമനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം കേരളത്തിനുവേണ്ടി സേവനമനുഷ്ഠിച്ച വി എസിന് കേരള സര്‍ക്കാര്‍ എല്ലാ ആനുകൂല്യവും നല്‍കുന്നുണ്ട്, നല്‍കിയിട്ടുമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി വി എസ് പണിയെടുത്തതിന് മകന് ജോലി നല്‍കേണ്ടത് ഐഎച്ച്ആര്‍ഡിയിലല്ല എ കെ ജി സെന്ററിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകളും വിവരങ്ങള്‍ പുറത്ത് വരുമെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply