ഹേമ കമ്മിറ്റിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജികളിൽ മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടി. പ്രത്യേക അന്വേഷണ ഏജൻസി തന്നെ ഇത് വരെയും സമീപിച്ചിട്ടില്ല എന്ന് നടി പറയുന്നു. നാളെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾക്കെതിരെ വനിതാ കമ്മീഷൻ വീണ്ടും സത്യവാങ്മൂലം നൽകി. കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്ന് സംസ്ഥാന വനിത കമ്മീഷൻ വ്യക്തമാക്കി. അന്വേഷണം തടസ്സപ്പെട്ടാൽ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടും എന്ന് കമ്മീഷൻ പറഞ്ഞു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്തതാണ്. നാല് കേസുകൾ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം എന്ന് ഹൈക്കോടതി നിർദേശിച്ചു.