ഏഴു ദിവസങ്ങളിലായി 42 വേദികളില്‍ നിറഞ്ഞാടുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാന്‍ സദാ ജാഗ്രതയോടെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയില്‍ ഇത് ഉറപ്പാക്കാന്‍ വന്‍ വളന്റിയര്‍ സംഘവും ഹരിതകര്‍മസേനയും രംഗത്തുണ്ട്. കേരളീയത്തിന്റെ ഭാഗമായുള്ള എക്സിബിഷന്, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സമിതി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
വേദികള്‍, സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ബാനറുകളും നിര്‍ദേശ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും തുണി, ചണം മുതലായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രദര്‍ശന-വിപണന മേളകളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സ്റ്റോര്‍ ഉടമകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍, ക്യാരിബാഗുകള്‍ എന്നിവയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുകയും തുണിസഞ്ചി ഉപയോഗിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഫുഡ് സ്റ്റാളുകളില്‍നിന്ന് ആഹാരം പാഴ്സല്‍ നല്‍കുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങള്‍, സഞ്ചികള്‍ എന്നിവ ഉപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്റ്റാളുകളില്‍ ഉടമകള്‍ തന്നെ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം തുടങ്ങി ഗ്രീന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിരവധി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സമിതി നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.
ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ വളണ്ടിയര്‍മാരെയും ഹരിത കര്‍മ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്. അതത് ദിവസങ്ങളിലെ ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മാലിന്യ സംസ്കരണ സംവിധാനത്തിലേക്ക് മാറ്റാന്‍ തിരുവനന്തപുരം നഗരസഭയും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും നിരവധി ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളീയം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കും ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
