പാലക്കാട് : സൈബർ തട്ടിപ്പ് ജോലിക്കായി ഇന്ത്യയിൽ നിന്നും യുവാക്കളെ കടത്തിയ ഏജൻറ് അറസ്റ്റിൽ. തൃശൂ൪ സ്വദേശി സുഗിത്ത് സുബ്രഹ്മണ്യനെയാണ് പാലക്കാട് സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്നും പിടികൂടിയത്. വിദേശ രാജ്യങ്ങളിൽ ആക൪ഷകമായ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കംപോഡിയ, തായ്ലാൻറ് എന്നീ രാജ്യങ്ങളിൽ ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കപ്പെടുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ യുവാക്കളെ എത്തിക്കുന്ന മുഖ്യ ഏജൻറാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുല൪ച്ചെയാണ് പ്രതിയെ പിടികൂടിയത്.
തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്മെൻറ് നടത്തിയത്. പാലക്കാട് ചിറ്റൂ൪ സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്ലാൻഡിലും റോഡ് മാ൪ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷമായിരുന്നു യുവാവ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പാലക്കാടെത്തിച്ച് കോടതിയിൽ ഹാജരാക്കും.