കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ ബസിടിച്ചതിൽ നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടക്കര സ്വദേശി പി സൽമാന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ബസിലെ ഡ്രൈവർ എടക്കര സ്വദേശി പി. സൽമാന്റെ ലൈസൻസ് ഫറോക്ക് ജോയൻറ് ആർ.ടി.ഒ സി.പി. ഷബീർ മുഹമ്മദ് സസ്പെൻ്റ് ചെയ്തത്. കൂടാതെ അഞ്ചു ദിവസത്തെ പെയിൻ ആൻറ് പാലിയേറ്റീവ് സേവനത്തിനും മൂന്നു ദിവസത്തെ മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിനും ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
