തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളും ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് ഏകപക്ഷീയമായ സമീപനത്തോടെ കാണരുത്. എസ്എഫ്ഐക്കെതിരായ വിമർശനത്തിൽ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് വരുന്ന ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിച്ചു മുന്നോട്ടുപോകും. എസ്എഫ്ഐയെ തകർക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്നു. ഏതെങ്കിലും ഒരു കോളേജിലെ പ്രശ്നം പർവ്വതീകരിക്കുന്നു. തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംവി ഗോവിന്ദൻ അത് തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
ഇരന്നു വാങ്ങിയ കൊലപാതകം എന്നായിരുന്നു ഇടുക്കിയിലെ ധീരജിൻ്റെ കൊലപാതകത്തിൽ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലുള്ള സംസാരം എത്ര മോശമായിരുന്നു. അവരാണ് എസ്എഫ്ഐയിലെ കുട്ടികളെ പഠിപ്പിക്കാൻ വരുന്നത്. വിദ്യാർത്ഥികളുടെ മുദ്രാവാക്യങ്ങളെക്കാൽ മ്ലേഛമാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംഭാഷണം. ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പദാനുപദത്തിന് മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം കാണുകയായിരുന്നു വേണ്ടിയിരുന്നതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഉന്നയിച്ച വിഷയങ്ങളിൽ പി ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടാണ് എംവി ഗോവിന്ദൻ സ്വീകരിച്ചത്. സ്വർണ്ണം പൊട്ടിക്കലിനോട് ഒരുതരം വിട്ടുവീഴ്ചയും സിപിഐഎമ്മിന് ഇല്ല. ഇതിൽ ഉൾപ്പെട്ടവരെ പാർട്ടി ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചതാണ്. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പി ജയരാജൻ തെറ്റുകാരനല്ലെന്നും പി ജയരാജന് ഈ വിഷയത്തിൽ പങ്കില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളാണ് പി ജയരാജനെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ശൈലി മാറ്റണമെന്ന കേന്ദ്ര കമ്മിറ്റി നിർദ്ദേശം പാർട്ടിക്ക് ആകെയുള്ളതാണ്. മുഖ്യമന്ത്രിക്ക് മാത്രമായുള്ള നിർദേശം എന്ന് വാർത്ത കൊടുക്കേണ്ട. ജനങ്ങളെ അകറ്റാൻ ഇടയാക്കുന്ന ശൈലി എന്താണോ അത് മാറ്റണമെന്നാണ് നിർദ്ദേശമെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
