തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. രണ്ട് ജില്ലയിലും ഇന്ന് ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും തെക്കൻ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.