Kerala News Top News

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ നിലവില്‍ ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Related Posts

Leave a Reply