സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ എടുത്ത സ്വകാര്യ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്.
ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ വാഹന വകുപ്പിന് നൽകിയത്. ആർ.സി , ലൈസൻസക്കം 7 ലക്ഷത്തോളം പേർക്ക് കാർഡ് നൽകാനുണ്ട്. 245 രൂപയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും പോസ്റ്റൽ ചാർജുമായി വാഹന ഉടമ നൽകുന്നത്.
പെറ്റ് ജി സ്മാർട്ട് കാർഡിലാണ് ലൈസൻസും ആർ.സിയും പ്രിന്റ് ചെയ്യുന്നത്. പാലക്കാട്ടെ സ്വകാര്യ കമ്പനിയാണ് കാർഡ് വിതരണം ചെയ്യുന്നത്. എറണാകുളം തേവരയിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രിന്റിങ്ങ്.
മുൻകൂട്ടി എല്ലാ പണവും അടച്ചവർക്കും ആർ.സി ലഭിക്കാത്തതിനാൽ ടാക്സി വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നില്ല. ഇങ്ങനെയുള്ളവർക്ക് പുതിയ വാഹനം പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. താൽക്കാലികമായി പേപ്പറിലെങ്കിലും ആർ.സി നൽകണമെന്നാണ് വാഹന ഉടമകൾ ആവശ്യപെടുന്നത്.