Kerala News

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളുള്ള പ്രതിയെ ഇടുക്കിയിലെ അടിമാലി പൊലീസ് പിടികൂടി

ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളുള്ള പ്രതിയെ ഇടുക്കിയിലെ അടിമാലി പൊലീസ് പിടികൂടി. പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ കീരി രതീഷ് എന്ന് വിളിക്കുന്ന രതീഷ് സുകുമാരനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറാം തീയതി അടിമാലിയിലെ മലഞ്ചരക്ക്  സ്ഥാപനത്തിൽ നിന്നും 14,500 രൂപ മോഷണം പോയിരുന്നു.

കാക്കി ഉടുപ്പിട്ട് കടയിലെത്തിയ പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊട്ടൻകാട്, ടീ കമ്പനി സ്വദേശി പുളിക്കകുന്നേൽ രതീഷ് സുകുമാരൻ പിടിയിലായത്. 2003 മുതൽ മോഷണക്കേസുകളിൽ പല തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുൻപാണ് അവസാനം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

കാക്കി വസ്ത്രം ധരിച്ച് ഡ്രൈവർ എന്ന് പരിചയപ്പെടുത്തിയാണ് രതീഷ് ഭൂരിഭാഗം മോഷണങ്ങളും നടത്തിയത്. കടകൾക്ക് പുറമെ ബസുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പണി നടക്കുന്ന കെട്ടിടങ്ങളിലെ തൊഴിലാളികളുടെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിക്കുന്നതും രതീഷിന്‍റെ പതിവ് രീതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

Leave a Reply