പത്തനംതിട്ട: ശബരിമലയിലെ 41 ദിവസത്തെ മണ്ഡല തീർത്ഥാടനത്തിന് ഇന്ന് സമാപനമാകും. രാവിലെ 10.30നും 11.30നും ഇടയിൽ തങ്കഅങ്കി ചാർത്തി മണ്ഡല പൂജ നടക്കും. പതിവ് പൂജാ കർമ്മങ്ങൾ പൂർത്തിയാക്കി രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെയാണ് മണ്ഡല തീർത്ഥാടനത്തിന് സമാപനമാകുന്നത്.
അയ്യപ്പ ദർശനത്തിനായി ഇപ്പോഴും വലിയ തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്. പതിനായിര കണക്കിന് ഭക്തർ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണ്. ശബരിപീഠം മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട നിര തുടരുകയാണ്. പരമാവധി ഭക്തർക്ക് ദർശനം ലഭിക്കാൻ ആവശ്യമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്ന് രാത്രി അടയ്ക്കുന്ന ക്ഷേത്ര നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം വീണ്ടും തുറക്കും. ശബരിമയിൽ ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നുവെന്ന് എഡിജിപി ചൂണ്ടികാട്ടി. ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ്. പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു.
