Kerala News

വേനൽ മഴ ശക്തമായതോടെ വെള്ളത്തിൽ മുങ്ങി തൃശൂർ നഗരം.

തൃശൂര്‍: വേനൽ മഴ ശക്തമായതോടെ വെള്ളത്തിൽ മുങ്ങി തൃശൂർ നഗരം. മണിക്കൂറുകളോളം അതിശക്തമായി പെയ്ത മഴയില്‍ യാത്രക്കാരും വാഹനങ്ങളും കുടുങ്ങി. വൈദ്യുതി കൂടി നിലച്ചതോടെ വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞു. നഗരം വെള്ളത്തില്‍ മുങ്ങിയതോടെ മേയര്‍ക്കെതിരേ  പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രം​ഗത്തെത്തി. കാലവര്‍ഷത്തിനു മുമ്പേ കോര്‍പ്പറേഷന്‍ പരിധിയിലെ കാനകളും തോടുകളും നീര്‍ച്ചാലുകളും വൃത്തിയാക്കുമെന്ന് മേയര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും മഴ പെയ്തതോടെ നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

കോര്‍പ്പറേഷന്‍ പരിധിയിലെ 194 ചാലുകളും വൃത്തിയാക്കുന്നതിലൂടെ 114 കിലോമീറ്റര്‍ നീരൊഴുക്ക് തടസമില്ലാതെ നടക്കുമെന്നും രണ്ടുകോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മേയര്‍ പത്രസമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു. 26ന് ഇതിന്റെ പ്രവൃത്തികള്‍ ആരംഭിക്കാനും ഡ്രൈഡേ ആചരിക്കാനുമായിരുന്നു ശ്രമം. എന്നാല്‍ ഇതിനു മുമ്പു തന്നെ മഴയെത്തി.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപവും ഷൊര്‍ണൂര്‍ റോഡിലെ വീടുകളിലും വെള്ളം കയറി. സ്വരാജ് റൗണ്ടില്‍ ബിനിയ്ക്ക് സമീപവും ജനറല്‍ ആശുപത്രിക്ക് സമീപവും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറയുന്നു. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ബിഷപ്പ് പാലസിന്റെ മതിലിന്റെ ഒരു ഭാഗം വീണു. മഴക്കാലമെത്തുന്നതിന് മുമ്പ് കാന വൃത്തിയാക്കല്‍ തീരുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.

പാട്ടുരായ്ക്കലും ജൂബിലി മിഷന്‍ ആശുപത്രി റോഡിലും വെള്ളം കയറി. ശക്തന്‍ ബസ് സ്റ്റാന്‍ഡിലും വടക്കേ ബസ് സ്റ്റാന്‍ഡിലും വെള്ളം കയറിയതോടെ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയ അവസ്ഥയായി. ബസ്റ്റാന്‍ഡുകളില്‍ നിന്നും ബസുകള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വെളിയന്നൂര്‍, ചെട്ടിയങ്ങാടി, പൂത്തോള്‍, കൂര്‍ക്കഞ്ചേരി റോഡ്, കൊക്കാല, മുണ്ടുപാലം, ബാല്യ ജങ്ഷന്‍, പൂങ്കുന്നം, പെരിങ്ങാവ്, പൂത്തോള്‍ ജങ്ക്ഷന്‍, പാട്ടുരായ്ക്കല്‍, ദിവാന്‍ജിമൂല തുടങ്ങിയ പ്രദേശങ്ങളെല്ലാം കഴിഞ്ഞ ദിവസം രാത്രി വെള്ളത്തിലായി. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡില്‍ കുഴിച്ച കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതവും ഭീതിയിലായി. കാനകള്‍ നിറഞ്ഞു വെള്ളം റോഡിലേക്ക് കുത്തിയൊലിച്ചു വന്നതാണ് നഗരത്തെ പൂര്‍ണമായും വെള്ളത്തിലാക്കിയത്. ഗിരിജ തീയേറ്റര്‍ പരിസരത്തെ തോട്, പെരിങ്ങാവ് തോട് എന്നിവയെല്ലാം വെള്ളത്തിനിടയിലായ അവസ്ഥയിലായി.

കിഴക്കുംപാട്ടുകര കോരത് ലെയ്‌നിലെ വീടുകളിലേക്കും വെള്ളം കയറി. പാട്ടുരായ്ക്കലില്‍ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകിയെത്തി. വടക്കേ ബസ് സ്റ്റാന്‍റിനു സമീപത്തെ റോഡും വെള്ളത്തിലായി. കേരള വര്‍മ്മ കോളജ് ബസ്റ്റോപ്പിനു സമീപത്തെ റോഡും വെള്ളത്തില്‍ മുങ്ങി. കേരള വര്‍മ്മ കോളജ് ബസ്റ്റോപ്പിനടുത്ത് ശങ്കരയ്യ റോഡിലെ വീടുകളിലേക്കു വെള്ളം കയറിയതോടെ ജനം മുകളിലത്തെ നിലയിലേക്കു മാറി.

റൗണ്ടില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലേക്ക് വെള്ളം സ്വരാജ് റൗണ്ടില്‍ നിന്നുമെത്തിയതോടെ കടകള്‍ മുങ്ങി. അശ്വനി ജങ്ഷനും അശ്വനി ആശുപത്രിക്കു പുറകുവശവും മുങ്ങി. അശ്വിനിയിലെ സി.ടി. സ്‌കാനും എക്‌സ്‌റേ മെഷീനുകളും കമ്പ്യൂട്ടറുകളും വെള്ളം കയറി നശിച്ചു. അത്യാഹിത വിഭാഗത്തില്‍നിന്ന് രോഗികളെ മുകള്‍ നിലയിലേക്ക് മാറ്റി. വെള്ളക്കെട്ടു രൂക്ഷമായതോടെ ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ പലയിടത്തും ഓട്ടം നിര്‍ത്തി.

Related Posts

Leave a Reply