Kerala News

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരിൽ ഒരാൾ അറസ്റ്റിൽ.

ആലപ്പുഴ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കുറുപ്പുംപടി തട്ടാപറമ്പ് ചിറങ്ങര വീട്ടിൽ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്പലപ്പുഴ സി.ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും ഇടുക്കി ശാന്തൻപാറ സ്വദേശിയുമായ സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായാണ് സംശയം.

പുറക്കാട് സ്വദേശിയായ യുവാവിന് മാൾട്ടയിൽ ഡ്രൈവറായി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആലുവ പാസ്പോർട്ട് ഓഫീസിന് സമീപത്ത ഫ്ലൈ ഇൻ വേ എന്ന ട്രാവൽ ഏജൻസി നടത്തിപ്പുകാരിയായ ഒന്നാം പ്രതി റുഷീദ 1.2 ലക്ഷം രൂപ നേരിട്ടും, രണ്ടാം പ്രതിയായ ബാബുവിന്റെ അക്കൗണ്ടു വഴി 3.2 ലക്ഷം രൂപയുമുൾപ്പെടെ 4.4 ലക്ഷം രൂപയാണ് പലപ്പോഴായി കൈക്കലാക്കിയത്. വിസ നൽകാതെ പിന്നീട് ട്രാവൽ ഏജൻസി പൂട്ടി പ്രതികൾ മുങ്ങി.

വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ബാബുവിനെ, പെരുമ്പാവൂരിലെ കുറുപ്പംപടിയിൽനിന്ന് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരിൽ നിന്ന് സമാനരീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിപിഒ സുബിൻ വർഗീസ് എന്നിവരും സിഐക്കൊപ്പമുണ്ടായിരുന്നു.

 

Related Posts

Leave a Reply