Kerala News

വയനാട് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍

വയനാട്: വയനാട് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍. രതിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധു ആരോപിച്ചു. രതിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ രതിന്‍ ഭീഷണി നേരിട്ടിരുന്നുവെന്നും ബന്ധു പറഞ്ഞു.

രതിനുമായുള്ള പ്രശ്‌നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. പൊലീസ് വിഷയത്തില്‍ ഇടപെടുകയും രതിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രതിനെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നുവെന്നും ബന്ധു പറഞ്ഞു. രതിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണം. അവന്‍ എന്തിന് അത് ചെയ്തു എന്നതില്‍ വ്യക്തത വരണം. പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധു വ്യക്തമാക്കി.

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സഹോദരിക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്.

ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്‌സോ കേസ് എടുത്തുവെന്നും രതിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്‌സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. വെള്ളം കുടിച്ച് മരിക്കണമെന്ന് പറഞ്ഞ രതിന്‍ കാലില്‍ കല്ല് കെട്ടുമെന്നും അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നുമെന്നും പറഞ്ഞിരുന്നു.

രതിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു പനമരം പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്.

 

Related Posts

Leave a Reply