ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നും പ്രാണികളെ കിട്ടിയെന്ന ആരോപണവുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികൾ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നൽകിയ ഭക്ഷണമാണ് തൃപ്തികരമല്ലെന്ന പരാതി ഉയർന്നത്.
കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ച് പ്രശ്നം പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു.”ശുചിത്വത്തെക്കുറിച്ചും ഐആർസിടിസിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും യാത്രക്കാർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനും പ്രീമിയം ട്രെയിനുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?”, അദ്ദേഹം ചോദിച്ചു.
പരാതിയിൽ ഉടൻ അന്വേഷണം നടത്തി ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയെന്ന് റെയിൽവേ പ്രതികരിച്ചു. ഭക്ഷണപ്പൊതിയുടെ മൂടിയിൽ പ്രാണി കുടുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി റെയിൽവേ അറിയിച്ചു.സംഭവത്തിൽ സേവന ദാതാവിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.