മലപ്പുറം തിരൂരിൽ വന്ദേഭാരതിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ തിരൂർ സ്റ്റേഷനിലൂടെ കടന്ന് പോകുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകീട്ട് 5.15 ഓടെയാണ് സംഭവം. ഈ സമയം തിരൂർ സ്റ്റേഷനിൽ വരേണ്ടിയിരുന്ന ഇന്റർസിറ്റി എക്സ്പ്രസിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാർ. ഇന്റർസിറ്റി വൈകിയതോടൊപ്പം മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലൂടെ വന്ദേഭാരത് കടന്ന് പോകുന്നു എന്ന അറിയിപ്പെത്തി. ഇതിനിടെ റെയിവേ പാളം മുറിച്ചു കടന്നെത്തിയ വയോധികൻ വന്ദേഭാരതിന് മുന്നിൽ പെടുകയായിരുന്നു.
യാത്രക്കാരുടെ ബഹളത്തോടൊപ്പം ട്രെയിനിന് മുന്നിൽ അകപ്പെട്ടതിന്റെ ഞെട്ടലും വയോധികനിൽ ഉണ്ടായിരുന്നു. ഇയാൾ പാലക്കാട് ഒറ്റപ്പാലം സ്വദേശി ആണെന്നാണ് വിവരം. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
