Kerala News

വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ പീഡനപരാതി നല്‍കി

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ പരാതി നല്‍കി. സുജിത്ത് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

സുജിത്തുമായി വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഭാര്യയായ ഷിനിയെ ആക്രമിക്കാൻ കാരണമായതെന്നുമാണ് പ്രതി നേരത്തെ മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് സുജിത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. എട്ട് മാസത്തിന് ശേഷം സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നു. അടിസ്ഥാനത്തില്‍ പൊലീസ് സുജിത്തിനെ ചോദ്യം ചെയ്തേക്കും. സുജിത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി ആര്‍ ഒ ആയിരിക്കുമ്പോഴാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും.

തന്നെ ഒഴിവാക്കാൻ സുജിത്ത് ശ്രമിക്കുന്നെന്ന തോന്നലിലാണ് സുജിത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നെന്ന് സുജിത്തും പൊലീസിനോട് സമ്മതിച്ചിരുന്നു.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് പ്രതി വെടിവെച്ചത്. ഷിനിക്ക് പാഴ്സല്‍ നല്‍കാനെന്ന വ്യാജേനയാണ് എത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെ ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റു. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പ്രതി സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ അനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോ​ഗമിച്ചതും പ്രതിയിലേക്കെത്തിയതും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോ​ഗിച്ചിട്ടും പ്രതി പിടിയിലാകുകയായിരുന്നു.

ഓണ്‍ലൈനായാണ് പ്രതി പിസ്റ്റള്‍ വാങ്ങിച്ചത്. യൂട്യൂബ് നോക്കിയാണ് പിസ്റ്റള്‍ ഉപയോഗിക്കാനുള്ള പരിശീലനം നേടിയത്. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. തെളിവുകള്‍ നിരത്തിയപ്പോഴാണ് മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

Related Posts

Leave a Reply