ലൈംഗികാരോപണ പരാതിയിൽ എംഎൽഎ എം മുകേഷിന് കുരുക്കു മുറുകുന്നു. കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അപേക്ഷയെ എതിർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോഴും മുകേഷിനെ സംരക്ഷിക്കുകയാണ് എൽഡിഎഫ്.
പരാതിക്കാരിയായ നടിയുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ അപേക്ഷയെ എതിർക്കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും.രഹസ്യം മൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിയില്ല എന്നത് മുന്നണി തീരുമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, മുകേഷിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. പരാതിക്കാരിയായ നടിയുടേത് ബ്ലാക്ക് മെയിലിംഗ് ആണെന്ന് ചൂണ്ടിക്കാണിച്ചാണ് മുകേഷ് കോടതിയെ നാളെ സമീപിക്കുക. ഈ തെളിവുകളും അഭിഭാഷകന് കൈമാറിയിരുന്നു.