കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. പുത്തൻകുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരിക്കുകയാണ്. കേസിൽ ഹാജരാകാനുളള അവസാന ദിവസം കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു.
നേരത്തെ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പി ജി മനു ഉപഹര്‍ജി നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകിയെങ്കിലും കോടതി അത് തളളുകയും ചെയ്തു. പത്ത് ദിവസത്തിനകം ചോറ്റാനിക്കര കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും പി ജി മനു ഹാജരാകാതായതോടെയാണ് പുത്തൻകുരിശ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി ജി മനു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇടംപിടിച്ചിട്ടില്ല. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നും വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമാണ് പി ജി മനുവിന്റെ ആരോപണം. കേസിനെ തുടർന്ന് പി ജി മനുവില്‍ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമ സഹായം നൽകാനെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്. പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മർദം ചെലുത്തിയതായും പിന്നീട് രമ്യമായി പരിഹരിക്കാമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.
