സനാ: യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും 87 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ആക്രമണം ഉണ്ടായത്. അൽ ഹദാഖയിലെ എണ്ണ സംഭരണ കേന്ദ്രങ്ങളെയും പവർ പ്ലാൻ്റിനെയും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും പ്രദേശത്തെ തീ ആളിക്കത്തിച്ചതായും റിപ്പോർട്ടുണ്ട്.
തീവ്രമായ ബോംബാക്രമണത്തിനിടെ നഗരത്തിലുടനീളം സ്ഫോടനങ്ങൾ കേട്ടതായി ഹൊദൈദ നിവാസികൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ എണ്ണ ടാങ്കുകളിലെ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സേനയും അഗ്നിശമന സേനാംഗങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് അൽ മസീറ ടിവി അറിയിച്ചു. ഇറാനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ ഹൂതികൾ തുറമുഖം ഉപയോഗിച്ചിരുന്നതായി ഇസ്രയേൽ സൈനിക വക്താവ് അവകാശപ്പെട്ടു. ഇസ്രയേലിൽ നിന്ന് 1,700 കിലോമീറ്ററിലധികം അകലെയുള്ള ഊർജ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള ഇരട്ട ഉപയോഗ സൈറ്റുകൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ എഫ്-15 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന് മറുപടിയായി, ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ “ഫലപ്രദമായ പ്രതികരണം” നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്രയേലിൻ്റെ സുപ്രധാന ലക്ഷ്യങ്ങൾ ആക്രമിക്കാൻ തങ്ങൾ മടിക്കില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. ഹുദൈദയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തില്‍ പ്രതികരിച്ചു. ഹൂതികൾ 200-ലധികം തവണയാണ് ഇസ്രായേലിൽ ആക്രമണം നടത്തിയതെന്നും രാജ്യത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങളെ സൈന്യം തടയുമെന്നും പ്രതിരോധവലയം തീർക്കുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രയേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ടെന്നും ഹൂതികള്‍ വീണ്ടും ആക്രമണത്തിന് തുനിഞ്ഞാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ദ്രോഹിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെയും പ്രതികരിച്ചു.
