കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നത്തെ മൊഴിയെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം. മൊഴിയെടുക്കുന്നതിൽ പി പി ദിവ്യ സാവകാശം തേടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസ് പറഞ്ഞു. കളക്ടറുടെ മൊഴിയെടുത്തു. പരാതിക്കാരൻ പ്രശാന്തന്റെയും മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്നും ആവശ്യമെങ്കിൽ ഇനിയും മൊഴിയെടുക്കുമെന്നും എ ഗീത പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാം, എഡിഎമ്മിനെതിരായ ദിവ്യയുടെ ആരോപണങ്ങൾ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ, എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.