Kerala News

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് അദ്ദേഹം.

ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലവും ഉറച്ചു നിന്ന മാധ്യമപ്രവർത്തകനെയാണ് ഭാസുരേന്ദ്ര ബാബുവിന്റെ വിയോ​ഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടമാകുന്നത്. ഇടതുപക്ഷം വലിയ പ്രതിസന്ധികളിൽ അകപ്പെട്ട ഘട്ടങ്ങളിൽ പോലും അദ്ദേഹം ചാനൽ ചർച്ചകളിൽ ഉൾപ്പടെ പാർട്ടിയുടെ രക്ഷകനായി പല തവണ എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെയാണ് ഭാസുരേന്ദ്ര ബാബു നക്സലൈറ്റ് പ്രസ്‌ഥാനത്തിൽ സജീവമാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരയും നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടി ആയിരുന്നു അദ്ദേഹം.

കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിലാണ് ഭാസുരേന്ദ്ര ബാബുവിന്റെ ജനനം. എസ്ഡിവി സ്കൂളിലും എസ്ഡി കോളേജിലുമായായിരുന്നു പഠനകാലം. അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ വെച്ച് പൊലീസിന്റെ കൊടിയ മർദനം ഏറ്റുവാങ്ങിയിരുന്നു ഭാസുരേന്ദ്ര ബാബു. പൂജപ്പുര സെൻട്രൽ ജയിലിൽ നാല് വർഷമാണ് അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചത്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ആയിരുന്നു ഭാസുരേന്ദ്ര ബാബു ഓദ്യോഗിക ജീവിതം ആരംഭിച്ചത്. ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ കോമ്രേഡ്, പ്രേരണ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതല കൂടി ഒരു ഘട്ടത്തിൽ ഭാസുരേന്ദ്ര ബാബു വഹിച്ചിരുന്നു.

Related Posts

Leave a Reply