മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിമാന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരു വിമാനം പറയുന്നയരുന്ന സമയത്ത് അതേ റണ്‍വേയില്‍ മറ്റൊരു വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്ന അതേ റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിക്കുകയും എയര്‍ ട്രാഫിക് കണ്ട്രോള് ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വീഡിയോയില്‍ രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയില്‍ കാണാം. എയര്‍ ഇന്ത്യ ജെറ്റ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.
ഇന്‍ഡോര്‍-മുംബൈ വിമാനത്തിന്റെ പൈലറ്റ് എടിസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. 2024 ജൂണ്‍ 8-ന് ഇന്‍ഡോറില്‍ നിന്നുള്ള ഇന്‍ഡിഗോ ഫ്ലൈറ്റിന് മുംബൈ എയര്‍പോര്‍ട്ടില്‍ എടിസി ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്കി. പൈലറ്റ് ഇന്‍ കമാന്‍ഡും ലാന്‍ഡിംഗും തുടര്‍ന്നു, എടിസി നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നു. ഇന്‍ഡിഗോയില്‍ യാത്രക്കാരുടെ സുരക്ഷ ഞങ്ങള്‍ക്ക് പരമപ്രധാനമാണ്, ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടപടിക്രമം അനുസരിച്ചാണ് യാത്ര തുടങ്ങിയതെന്നും പ്രസ്താവനയില്‍ ഇന്‍ഡിഗോ പറഞ്ഞു.
എടിസി തങ്ങളുടെ വിമാനം ടേക്ക് ഓഫിന് അനുവദിച്ചതായി എയര്‍ ഇന്ത്യയും അറിയിച്ചു. ജൂണ്‍ 8-ന് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ടേക്ക്-ഓഫ് റോളിലായിരുന്നു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ എയര്‍ ട്രാഫിക് കണ്ട്രോള് അനുമതി നല്‍കിയെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
