മുംബൈ: കാന്തിവാലിയിലെ എട്ടുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കാന്തിവാലി വെസ്റ്റിലെ മഹാവീർ നഗറിലെ പവൻ ധാം വീണാ സന്തൂർ ബിൽഡിംഗിൽ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോസു ജെംസ് റോബർട്ട് (8), ഗ്ലോറി വാൽഫാത്തി (43) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ബുറ (40), രാജേശ്വരി ഭർത്തരെ (24), രഞ്ജൻ സുബോധ് ഷാ (76) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.