India News

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്.

മുംബൈ: മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാ‍‍‍‍ർ വോട്ട് രേഖപ്പെടുത്താനെത്തും.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ (ഇരുവരും ജെഎംഎം), പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി (ബിജെപി) എന്നിവരെ കൂടാതെ മറ്റ് 500-ലധികം സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്.

മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി, എൻസിപി സഖ്യം മഹായുതിയും, കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ) സഖ്യം മഹാവികാസ് അഘാടിയയും തമ്മിലാണ് പ്രധാന പോരാട്ടം. 1990ൽ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് 100ന് മുകളിൽ സീറ്റ് ലഭിച്ചിട്ടില്ല. ഇത്തവണ 102 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

വിവിധ ജാതി സമുദായങ്ങൾക്കിടയിലെ വിള്ളലും കർഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിർണയിക്കും. ഇരു സഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ജാർഖണ്ഡിൽ നവംബർ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതിയത്. 1.23 കോടി വോട്ടർമാരാണ് അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. 14,000ത്തിലധികം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പാലക്കാടിന് പുറമേ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഉത്തർപ്രദേശിൽ കടേഹാരി, കർഹാൽ, മീരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. പഞ്ചാബിൽ ഗിദ്ദർബഹ, ദേരാ ബാബ നാനാക്, ചബ്ബേവാൾ (എസ്‌സി), ബർണാല എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ പാലക്കാട് മണ്ഡലത്തിലേക്കും ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്കും വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.

Related Posts

Leave a Reply