India News

മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്.

മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ​ഗോവിന്ദ് ഭ​ഗവാൻ ഭികാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടിൽ ഉണ്ടെന്നും ഉടനെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കിൽ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുൾപ്പെടെ നാലം​ഗ സംഘം ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ബോധം നഷ്ടപ്പെട്ട യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നിരുന്നു. രാവിലെ ബോധം വീണ്ടെടുത്ത യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന 15000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സം​ഹിത പ്രകാരം ഭാര്യക്കും ഭാര്യ സഹോദരിക്കും മറ്റ് പ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts

Leave a Reply