മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ് പുതിയ വകഭേദം. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്സ് 2 എന്ന വകഭേദമാണ്. ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും 31 കേസുകളും എംപോക്സ് 2 വകഭേദം ആയിരുന്നു.പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യങ്ങള്‍ അവലോകനം ചെയ്യും.മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യവും വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണവും ശക്തിപ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.