മറിയക്കുട്ടിക്കും അന്നയ്ക്കും പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെത്തി… തൊടുപുഴ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി തെരുവിൽ ഭിക്ഷയെടുക്കൽ സമരം നടത്തിയ മറിയ കുട്ടിക്കും അന്നക്കുട്ടിക്കും പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇരുന്നൂറേ ഏക്കറിലെ മറിയ കുട്ടിയുടെ വീട്ടിൽ ബിജെപി പ്രാദേശിക നേതാക്കളോടൊപ്പം ഇന്ന് രാവിലെ 8:40 ന് സുരേഷ് ഗോപി എത്തി. ഇരുവർക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ശേഷം ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞതിനോടൊപ്പം പ്രധാനമന്ത്രിക്ക് മുന്നിൽ ഇവരെയും എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇക്കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയിൽ കണക്ക് കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി പൂർണ്ണപിന്തുണ അറിയിച്ചുവെന്നും പ്രധാനമന്ത്രിയെ പ്രശ്നം അറിയിക്കുമെന്നുള്ള ഉറപ്പുനൽകിയെന്നും തനിക്കെതിരെ നടത്തിയ കള്ളപ്രചാരങ്ങൾക്കെതിരെ കേസുമായി മുന്നോട്ടു പോകുമെന്നും മറിയക്കുട്ടി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് പെൻഷൻ കിട്ടാത്തതിനെ തുടർന്ന് വയോധികരായ അടിമാലി 200ഏക്കറിലെ പൊന്നെടുക്കാൻ പാറയിൽ മറിയക്കുട്ടിയും പൊളിഞ്ഞപാലം താണികുഴിയിൽ അന്ന ഔസേപ്പും പിച്ചച്ചട്ടിയുമായി അടിമാലി ടൗണിൽ ഭിക്ഷ എടുത്തത്. ഈ സംഭവം സർക്കാരിനെതിരെ തിരികുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ സിപിഎമ്മും ഇടതു സൈബർ പോരാളികളും ഇതിനെതിരെ പ്രചാരണങ്ങളുമായി രംഗത്ത് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അതേസമയം മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മറുപടി നൽകിയില്ല. മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറി എന്ന സുരേഷ് ഗോപിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് മറിയക്കുട്ടി നടത്തിയ പരാമർശവും ഇതിനോടകം വൈറലായിരുന്നു. സുരേഷ് ഗോപി അത്തരത്തിൽ പെരുമാറുന്ന ആളല്ലെന്നും വർഷങ്ങളായി അദ്ദേഹത്തിന്റെ സിനിമകൾ താൻ കാണാറുള്ള ആളായിരുന്നു എന്നും മറിയക്കുട്ടി ഒരു ചാനൽ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു.
