Kerala News

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരെ മർദിച്ച കേസിൽ; സിബിയും, സൂര്യപ്രഭയും സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് തൃപ്പൂണിത്തുറ പൊലീസ്.

കൊച്ചി: മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ ഉദയംപേരൂർ സ്വദേശി സിബിയും ഇരുമ്പനം സ്വദേശി സൂര്യപ്രഭയും സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് തൃപ്പൂണിത്തുറ പൊലീസ്. താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്സിംഗ് ജീവനക്കാർക്കാണ് ഇരുവരുടെയും ആക്രമണത്തിൽ പരിക്ക് പറ്റിയത്. രോഗിയെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരും ജീവനക്കാരുടെ നേരെ തിരിഞ്ഞത്.

നഴ്സിങ് ഓഫീസർ മേരാ ഗാന്ധിരാജ് പളനി, നഴ്സിങ് അസിസ്റ്റന്‍റ് റെജിമോൾ എന്നിവർക്കാണ് പരിക്കേറ്റത്.  മദ്യലഹരിയിൽ ഒരു വഴക്കിന് ശേഷമാണ് സിബിയും സൂര്യപ്രഭയും താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ചികിത്സക്ക് എത്തിയത്. അവിടെയുണ്ടായിരുന്ന പ്രഭു എന്ന യുവാവിനെ സിബി സ്റ്റീൽ ഗ്ലാസെടുത്ത് തല്ലി. ആക്രമണം കണ്ട് പിടിച്ചുമാറ്റാനെത്തിയവരെ സൂര്യപ്രഭ അടിക്കുകയും മാന്തുകയുമൊക്കെ ചെയ്തു. പിന്നെ നടന്നത് പേടിപ്പെടുത്തുന്ന സംഭവങ്ങളാണെന്ന് അക്രമത്തിന് ഇരയായവർ പറയുന്നു.

അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴും സിബിയും സൂര്യപ്രഭയും പൂർണബോധത്തിലെത്തിയിരുന്നില്ല. അപ്പോഴും അവർ ജീവനക്കാർക്ക് നേരെ മെക്കിട്ട് കയറി. ഇനിയും ശരിയാക്കി തരാമെന്ന് മേരാ ഗാന്ധി രാജ് പളനിയേയും റെജിമോളേയും വിരട്ടുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ പരാതിയിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. രണ്ട് പേരും സ്ഥിരം പ്രശ്നക്കാരാണെന്നും ലഹരിയിൽ അടിപിടിയുണ്ടാക്കുന്നതിന് സിബിയുടേയം സൂര്യപ്രഭയുടേയും പേരിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply