വയനാട്: വയനാട് അമ്പലവയലിൽ മദ്യലഹരിയിൽ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. ഓട്ടോ ഡ്രൈവർ ഷോബിഷിനെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഏഴ് മണിയോടെയായിരുന്നു ആക്രണം. കുറ്റിക്കൈതയിൽ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, മകൾ നിഷ എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കറിക്കത്തികൊണ്ടായിരുന്നു ആക്രമണം. നിഷ താമസിച്ചിരുന്ന കുറ്റിക്കൈതയിലെ വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയും നിഷയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പ്രതി ആദ്യം നിഷയെ ആക്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും കറിക്കത്തികൊണ്ട് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.