ന്യൂ ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. കെജ്‌രിവാൾ ഇന്ന് ഹാജരാകില്ലെന്ന് തന്നെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. കെജ്രിവാളിനെതിരായ നോട്ടീസുകളിൽ തങ്ങളുടെ നിയമ വിദഗ്ധർ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പഞ്ചാബിൽ ഒരു പ്രതിഷേധ പരിപാടിയിൽ ഇന്ന് അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുന്നുണ്ട്. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്. ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
